തിരുവിതാംകൂർ സംസ്ഥാനത്ത് 1908 മെയ് 27-ന് ആരംഭിച്ചതാണ് കൃഷി വകുപ്പ്. സംസ്ഥാനത്തെ ജനസംഖ്യയിൽ 50 ശതമാനത്തിൽ കൂടുതൽ കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ്. കേരളത്തിന്റെ കാർഷിക മേഖലയിൽ സമഗ്രമുന്നേറ്റമുണ്ടാക്കാൻ കെൽപ്പുള്ള പല പദ്ധതികളും ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയാണ് കൃഷി വകുപ്പിന്റെ പ്രധാന ലക്ഷ്യം.

ചരിത്രം

    1908 മെയ് 27-ന് (കൊല്ലവർഷം 1083 ഇടവം 14-ന്) തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുന്നാളിന്റെ ഭരണകാലത്താണ് കൃഷി വകുപ്പ് രൂപം കൊണ്ടത്. യൂറോപ്പിലെ എഡിൻബർഗ് യൂണിവേഴ്സിറ്റിയിൽ നിന്നും കൃഷി ശാസ്ത്രത്തിൽ ബിരുദവും, ലേപ്സിംഗം സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റും നേടിയ ഡോ. എൻ കുഞ്ഞൻപിള്ളയെയായിരുന്നു കൃഷി വകുപ്പിന്റെ പ്രഥമ ഡയറക്ടറായി നിയമിച്ചത്.

    തിരുവനന്തപുരത്തും, കൊല്ലത്തുമുണ്ടായിരുന്ന അഗ്രികൾച്ചറൽ ഡമോൺസ്ട്രേഷൻ ഫാമുകളും മൃഗസംരക്ഷണ മേഖലയും അദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു. പിന്നീട് കൂടുതൽ ഫാമുകളും, ലബോറട്ടറികളും, കന്നുകാലി പ്രജനന യൂണിറ്റുകളും സ്ഥാപിതമായി. അക്കാലത്ത് കൃഷി വകുപ്പ് ലാന്റ് റവന്യൂ വകുപ്പിന്റെ ഭാഗമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. 1924-ൽ താലൂക്കുതോറും ഓരോ കൃഷി ഇൻസ്പെക്ടർമാർ, രണ്ട് ഫീൽഡ് അസിസ്റ്റന്റുമാർ, ജില്ലാ തലത്തിൽ ഒരു ഉദ്യോഗസ്ഥൻ എന്നിങ്ങനെ ഉദ്യോഗസ്ഥവിന്യാസം നടപ്പിലാക്കി.

    1956-ൽ തിരുകൊച്ചിയും, മലബാറും യോജിപ്പിച്ച് കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ, ആദ്യത്തെ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ശ്രീ. സി. അച്യുതമേനോൻ കൃഷി വകുപ്പിന്റെ അധിക ചുമതല വഹിച്ചിട്ടുണ്ട്. പ്രശസ്ത കൃഷി വിദഗ്ദനായിരുന്ന ശ്രി. പി.ഡി. നായർ കേരള സംസ്ഥാനത്തെ ആദ്യ കൃഷി ഡയറക്ടറായി. 1962- ൽ സംസ്ഥാനത്തൊട്ടാകെ 144 എൻ. ഇ. എസ്. ബ്ലോക്കുകൾ പ്രവർത്തനം തുടങ്ങിയപ്പോൾ ഓരോ ബ്ലോക്കിലും ഓരോ കൃഷി വികസന ഉദ്യോഗസ്ഥനെ നിയമിച്ചു. 1987-ൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കൃഷി ഭവൻ പ്രവർത്തനം ആരംഭിച്ചു. നിലവിൽ ആകെ 1077 കൃഷി ഭവനുകൾ പ്രവർത്തിക്കുന്നു.

ഞങ്ങളുടെ വീക്ഷണം

കാർഷിക മേഖലയിൽ സ്വയം പര്യാപ്തത ലക്ഷ്യമാക്കി സമഗ്ര വികസന പരിപാടികൾ നടപ്പിലാക്കുക.

                                                                                               ദൗത്യങ്ങൾ

  1. സംസ്ഥാനത്തെ കാർഷിക വിളകളുടെ ഉൽപ്പാദനവും ഉൽപ്പാദന ക്ഷമതയും വർദ്ധിപ്പിക്കുവാനുതകുന്ന പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക.
  2. കാർഷിക രംഗത്ത് വമ്പിച്ച മാറ്റങ്ങൾ ഉണ്ടാക്കുന്നതിന് ആവശ്യമായ വിധം നൂതന ശാസ്ത്ര സാങ്കേതിക വിദ്യകൾ കർഷകർക്ക് പകർന്നു നൽകി കാർഷിക വിജ്ഞാപന വ്യാപന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
  3. ഉൽപ്പാദനോപാദികളുടെ ഉൽപ്പാദനവും വിതരണവും
  4. യഥാസമയം പദ്ധതികൾ നടപ്പിലാക്കുന്നതു മുഖേന കർഷക ക്ഷേമം ഉറപ്പുവരുത്തുക.
  5. ഉൽപ്പാദനോപാദികളുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിന് നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുക.
  6. കർഷകർക്ക് വിപണനത്തിനുള്ള സൗകര്യവും, കാർഷിക യന്ത്രവൽക്കരണവും ഉറപ്പ് വരുത്തുക.

പ്രവർത്തനങ്ങൾ

  1. സംസ്ഥാന കേന്ദ്രാവിഷ്കൃത പദ്ധതികൾ ഞങ്ങളുടെ പ്രവർത്തന മേഖലയിൽ നടപ്പിലാക്കുക.
  2. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുഖേന പ്രാദേശിക വികസനത്തിനുതകുന്ന പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കുക.
  3. സംസ്ഥാനത്തെ ഉൽപ്പാദന ചെലവ് കുറയ്ക്കുന്നതിനായി കാർഷിക യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കുക.
  4. കൃഷിയിടങ്ങൾ സന്ദർശിച്ച് കർഷകർക്ക് ശാസ്ത്രീയ കൃഷി രീതികൾ അവലംബിക്കുന്നതിനാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക.
  5. സാങ്കേതിക വിദ്യകൾ കർഷകരെ പരിചയപ്പെടുത്തുന്നതിനായി കർഷകർക്ക് പരിശീലനം നൽകുക.
  6. കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ/നൂതന സാങ്കേതിക വിദ്യകളെ കുറിച്ചുള്ള വിശദവിവരങ്ങൾ വിവിധ വാർത്താമാദ്ധ്യമങ്ങളിലൂടെ വ്യാപകമായ ബോധവത്ക്കരണം നടപ്പിലാക്കുക.
  7. ആധുനിക കൃഷി രീതികൾ കർഷകർക്ക് പരിചയപ്പെടുത്തുവാൻ വേണ്ടി പ്രദർശന തോട്ടങ്ങൾ സഘടിപ്പിക്കുക.
  8. അത്യുൽപ്പാദന ശേഷിയുള്ള മേൽത്തരം നടീൽ വസ്തുക്കളും വിത്തുകളും മറ്റു ഉൽപ്പാദനോപാദികളും കൃഷി വകുപ്പിന്റെ അംഗീകൃത നഴ്സറികൾ, ഫാമുകൾ, ടിഷ്യുകൾച്ചർ ലാബ് എന്നിവ വഴി ഉൽപ്പാദിപ്പിച്ച് വിതരണം നടത്തുക.
  9. വിവിധ കർഷക ഇൻഷ്വറൻസ് പദ്ധതികൾ, വിള ഇൻഷ്വറൻസ് പദ്ധതി, കാർഷിക കടാശ്വാസ പദ്ധതി, കിസാൻ അഭിമാൻ, പലിശരഹിത വായ്പാ പദ്ധതി, പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി എന്നിവ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക.
  10. വിത്ത്, രാസവളം, കീടനാശിനി എന്നിവയുടെ നിയമാനുസൃതമുള്ള ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തുക.
  11. വിപണിയിൽ ഇടപെടുകയും വിപണനത്തിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുകയും ചെയ്യുക.

ഞങ്ങളുടെ പദ്ധതികള്‍

കേരളത്തില്‍ ഉടനീളം കര്‍ഷകര്‍ക്കിടയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.

കേരളത്തിലെ കര്‍ഷക സമൂഹതോടൊപ്പം എന്നും എപ്പോഴും

ഞങ്ങളെ ബന്ധപ്പെടാം

സന്ദേശം അയക്കുക

ഞങ്ങളെ ബന്ധപ്പെടാം